Skip to main content

നാദാപുരം: മരിച്ചത് സഖാവും കൊന്നത് ശത്രുവുമാകുമ്പോള്‍


ചില നാടുകളങ്ങനെയാണ് ഇടക്കിടെ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. നാദാപുരം പ്രദേശങ്ങള്‍ക്കുമുണ്ട് ഇങ്ങനെയൊരുസവിശേഷത. വീണ്ടും അവിടെനിന്നും അസ്വസ്ഥതകളുടെ വാര്‍ത്തകളെത്തിത്തുടങ്ങിയിരിക്കുന്നു. കൊടിയുടെ നിറങ്ങള്‍ക്കമപ്പുറം മറ്റുപലനിറങ്ങളുമാണ് അവിടെ കാണാനാവുന്നത്. കൊലയായാലും കൊള്ളിവെപ്പായാലും ഇരകള്‍ക്കും നഷ്ടങ്ങള്‍ക്കും ചില സ്വത്വങ്ങളുള്ളപോലെ. ഒരു വിലാപയാത്ര ഒരുപാട് വിലാപയാത്രകള്‍ സൃഷ്ടിക്കുന്നു.
നാദാപുരം വിശേഷങ്ങള്‍ ഒരുപാടുണ്ടാവും, പലര്‍ക്കും ഓര്‍ക്കാനും പങ്കുവെക്കാനുമായി. രക്തം മണക്കാത്ത നാളുകളിലെ നാദാപുരം വളരെ സുന്ദരമാണ്. ആഥിതേയത്വത്തിന്റെ സകല മര്യാദകളും പടിച്ചുപയറ്റുന്ന നാട്. വിഭവങ്ങളാല്‍ സമൃദ്ധമാകുന്ന തീന്മേശകള്‍ക്കും സംസാരങ്ങള്‍ക്കുമെല്ലാം ഒരു അത്തറിന്റെ മണമുണ്ടാകും. വളര്‍ച്ചയുടെ സാധ്യതകളറിഞ്ഞ് ലോഞ്ചിലേറി നാടും വീടും പുഷ്ടിപ്പെടുത്തിയവരാണവര്‍. ഒന്നോരണ്ടോ പ്രവാസികളില്ലാത്ത വീടുകള്‍ വിരളമായിരിക്കുമവിടെ, വിശിഷ്യാ മുസ്‍ലിം വീടുകള്‍.
കഫ്റ്റീരിയകള്‍ നാദാപുരത്തുകാരുടെ ദേശീയ ബിസിനസ്സാണെന്ന് പറയുന്നതാകും ശരി. അവിടം വിട്ട് റസ്റ്റോറന്റിലേക്കും മറ്റും പടികയറിയവര്‍ നാട്ടിലെ വീട്ടുചുമരിലും മതിലിലും വാഹനങ്ങളിലുമെല്ലാം അതിന്റെ അടയാളങ്ങള്‍ കൊത്തിയിട്ടു. ഇതാണ് ഇന്നും ചിലപ്പോഴെല്ലാം അവരുടെ ശരീരങ്ങളില്‍ പാടുതീര്‍ക്കുന്നത്.
മറ്റുള്ളവരുടെ വളര്‌‍ച്ചയെ അസൂയയോടെ കാണുന്നവരാണ് ചിലര്‍. ഇതൊരു തരം രോഗമാണ്. ഈ വളര്‍ച്ച വിദ്യാഭ്യാസ, ബൌദ്ധിക, സാമ്പത്തിക മേഘലകളിലാകുന്പോള്‍ ചിലര്‍ക്ക് കണ്ടുനില്‍ക്കാനാകില്ല. അതെത്തിപ്പിടിക്കാനുള്ള എല്ലാ കവാടങ്ങളും മുട്ടും, നല്ല കാര്യം തന്നെ. നന്മയുടെ മാര്‍ഗത്തിലുള്ള മത്സരമായി ഇതിനെ കാണാം. ഇതു സമൂഹത്തിന്റെ ഗുണത്തിനും വളര്‍ച്ചക്കും ഹേതുവാകുമെന്നുമാശിക്കാം.
എല്ലാവരും ഈ നിലപാടുകാരകണമെന്നില്ല. ചിലര്‍ സംഹാരികളായി മാറും. സ്വയം നേടിയാലും ഇല്ലെങ്കിലും അവന് നേടേണ്ടയെന്ന ചിന്താഗതിക്കാരായിരിക്കും ഇവര്‍. പക്ഷെ, ഇത്തരക്കാര്‍ക്ക് ചിലര്‍ പ്രത്യയശാസ്ത്ര-മത ചട്ടക്കൂടുകള്‍ നല്കും. വെള്ളം കലക്കി മീന്‍ പിടിക്കും. അങ്ങനെ പല ഏറ്റുമുട്ടലുകളും ഭീകരാക്രമണങ്ങളും നടക്കും. സെലക്ടീവായ വിദഗ്ധര്‍ പ്രതികളാക്കപ്പെടും. ഇന്ത്യന്‍ സാഹചര്യത്തില്‍ കൂടുതല്‍ കണ്ടുവരുന്ന ഈ പ്രവണതയുടെ പണ്ടുമുതലേയുള്ള നാട്ടുരൂപമാണോ നാദാപുരത്തിന് വാര്‍ത്താപ്രാധാന്യം നല്‍കുന്നതെന്ന നിരീക്ഷണം തെറ്റാവാനിടയില്ല.
കേരളത്തിന്റെ മറ്റു നാട്ടിന്‍പുറങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. എന്നിട്ടുമെന്തേ ഇവിടെ ഇടക്കിടെ അഗ്നിയാളിപ്പടരുന്നുവെന്ന് ചിന്തിക്കുമ്പോഴാണ് മേല്‍ നിരീക്ഷണത്തിലെത്തിച്ചേരുന്നത്. മാപ്പിളയുടെ സാമ്പത്തികോന്നതി തങ്ങള്‍ക്കുള്ള ഭീഷണിയായിചിത്രീകരിച്ച് പാവങ്ങളെ ചൂഷണം ചെയ്യുന്നവരാണിവിടെ യഥാര്‍ഥപ്രതികള്‍. കലാപക്കത്തി കാണിച്ച് പാര്‍ട്ടിപിരിവും ഷെയറും നേടിയെടുക്കുന്നവരെ നിയമപരമായി ഒതുക്കിയില്ലെങ്കില്‍ നാദാപുരത്ത് ഇനിയും തീ കത്തിക്കൊണ്ടേയിരിക്കും, ഇടവേളകളുണ്ടാകുമെന്ന് മാത്രം. ഇത് തടയണമെങ്കില്‍ കേവല സര്‍വകക്ഷിയോഗത്തിനപ്പുറം വിശദമായ ഫീല്‍ഡ് വര്‍ക്ക് തന്നെ വേണ്ടിവരും. എങ്കിലേ കിരീടമില്ലാ രാജാക്കന്മാരായി വാഴുന്നവരെ ജനാതിപത്യ പൌരന്മാരാക്കിമാറ്റാനാകൂ.
കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കൊടിയുടെ നിറങ്ങള്‍ നല്‍കുകയും അതിനനുസരിച്ച് വിലയിരിത്തുന്നവരും വര്‍ധിച്ചുവരുന്നുവെന്നത് ആശങ്കാജനകമാണ്. ഇരയുടെ രക്തത്തിന്റെ ചുവപ്പ് മാത്രം കണ്ട് ആക്രമണങ്ങളെ ന്യായീകരിക്കുന്നവര്‍ പച്ചയാഥാര്‍ഥ്യങ്ങളെ കാണാതെപോകുന്നു.  സോഷ്യല് മീഡിയകളില്‍ നടക്കുന്ന സംവാദങ്ങളില്‍ ഇതുതെളിഞ്ഞ് കാണാനാകും. ഈ സാമാന്യവല്ക്കരണം സമൂഹം നേരിടുന്ന വലിയ വിപത്തുതന്നെയാണ്. ഇത് തിരിച്ചറിഞ്ഞ് തടയിടുന്നതിന് പകരം എരിതീയില്‍ എണ്ണയൊഴിക്കാന്‍ നടക്കാനാണ് മതേതര പാരമ്പര്യമവകാശപ്പെടുന്ന പലപാര്‍ട്ടിക്കാര്‍ക്കുമിഷ്ടം. ഇതിലെ ലാഭം ആര്‍ക്കെന്ന് തിരിച്ചറിയാവുന്നതെയുള്ളൂ. ഇവരാണ് അഭിനവ കണാരന്മാരും അവരെ വളര്‍ത്തുന്നവരും. ഇതിന് വളം വെച്ച് കൊടുക്കുന്ന രീതിയിലാണ് നിയമപാലകരുടെ ഇടപെടലുകളെന്നുപോലും തോന്നിപ്പോകും. നാദാപുരം പ്രദേശങ്ങളുടെ സമൂഹശാസ്ത്രം നന്നായറിയുന്നവരാണ് നിയമപാലകര്‍. എന്നിട്ടും അവിടെ അഴിഞ്ഞാടാന്‍ അവസരമൊരുങ്ങിയതിനുപിന്നില്‍ കാക്കിക്കുള്ളിലെ അപരനെ സംശയിച്ചുകൂടെ. ഉള്ളറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് അവിടെ വേണ്ടത്. മനസുകളുടെ പുനരധിവാസം, അതിനൊത്തിരി ഇച്ചാശക്തിവേണ്ടിവരുമെന്നുമാത്രം.
നാദാപുരം ചര്‍ച്ചക്കിടെ ആരോ കോരിയിട്ട ചിലവരികള്‍ ഇവിടെ പ്രസക്തമെന്ന് തോന്നുന്നു.
മരിച്ചത് സഖാവെന്ന് ഒരുകൂട്ടര്‍
കൊന്നത് ശത്രുവിനെയെന്ന് മറുകൂട്ടര്‍
കണ്ണീരൊഴുകുന്ന
നാലുചുമരുകള്‍ള്ളില്‍ നിന്നും
എന്റെ മോന്‍ എന്നുവിളിച്ചാരോ
ഉറക്കെ കരയുന്നു.
ഈ കരച്ചില്‍ കാണാനും അവരുടെ കണ്ണീരൊപ്പാനുമുള്ളതാകട്ടെ ഇനിയുള്ള ഓരോചുവടുവെപ്പുകളും.
(The article was published in www.islamonweb.net on January 26, 2015)

Comments

Popular posts from this blog

Position of Traditional Ulama on Malabar Rebellion: A Critical Study with Special Reference to the Stand of Pangil Ahmed Kutty Musliyar

Abstract The Malabar Rebellion is a crucial issue that continues to be debated in the current scenario of Kerala history, especially in academia. The stance of the ulama on the issue is also a subject of intense debate. There is considerable criticism against the traditional ulama, as they were seen as supporters of the British government. Some organizations even accuse the ulama of being spies for the British rulers in India. Pangil Ahmed Kutti Musliyar was a vibrant religious scholar who had his own stance and views on political issues. Rather than theories, he preferred practical ways, as is clear from his stance on the Malabar Rebellion. Pangil’s stance on the Malabar Rebellion is discussed more in this regard, as he gave some speeches requesting the people of Malabar to keep distance from the rebellion. It is also accused that scholars like Pangil Ahmed Kutti Musliyar, who had great influence in society, never used their platforms to make the Malabar Rebellion successful. Thu...

മലപ്പുറത്തുകാര്‍ അഥവാ കിണറ്റിലെ തവളകള്‍!!!

കിണറ്റിലെ തവളകളെന്ന് കൃത്യമായി പ്രയോഗിക്കാവുന്ന കൂട്ടരുണ്ടിവിടെ, കേരളത്തിന്റെ ഓരത്ത്. 1969-ല്‍ പിറവികൊണ്ട മലപ്പുറം ജില്ലക്കാര്‍. ജനസംഖ്യാനുപാതികമായി റവന്യൂ അതിര്ത്തികള്‍ പുനര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളാരംഭിച്ചപ്പോള്‍ തന്നെ മലപ്പുറം ചര്‍ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മുസ്‍ലിംകള്‍ ഭൂരിപക്ഷമുള്ളൊരു ജില്ല രൂപീകരിച്ചാലുണ്ടാകുന്ന അപകടം അന്നുതന്നെ പലരും ചൂണ്ടിക്കാട്ടിയതാണ്. ‘കുട്ടിപ്പാക്കിസ്ഥാ’ന്റെ പിറവിക്കെതിരെ അണിനിരന്നവരില്‍ ‘ത്രിവര്‍ണ പതാകക്കാര്‍’ വരെയുണ്ടായിരുന്നു. ആശങ്കകളെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു മലപ്പുറത്തിന്റെ പിന്നീടുള്ള വര്‍ത്തമാനം. ജില്ലാപിറവിയില്‍ വര്‍ഗീയത ആരോപിച്ചിരുന്നവരുടെ വാദങ്ങളെല്ലാം ഒന്നൊന്നായി പ്രസക്തിനഷ്ടപ്പെടുത്തിയാണ് ഇവിടത്തുകാര്‍ ജീവിതം തള്ളിനീക്കിയത്. മലപ്പുറം അവര്‍ക്കൊരു അഭിമാനത്തിന്റെ ചിഹ്നമാകാന്‍ തുടങ്ങി. എതെങ്കിലും ജാതിയുടേയോ മതത്തിന്റെയോ അനുയായികള്‍ മാത്രമല്ല, ഇവിടെ ജനിച്ചവരും, ജോലി പഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരും, കൂട്ടുകുടുംബമുള്ളവരും ഒരുദിവസമെങ്കിലും ഇവിടെ അന്തിയുറങ്ങിയവരുമെല്ലാം മലപ്പുറം പെരുമ പാടിയും പറഞ്ഞും നടന്നു. വിവിധ...